Saturday 22 September 2012

പ്രവര്‍ത്തനം-4



                  പ്രവര്‍ത്തനം-4

" കുട്ടനാട്ടിലെ പഴയകൃഷിരീതികളുടെ സവിശേഷതകള്‍ഒരു കുറിപ്പ് തയ്യാറാക്കുക

                                               ഉത്തരസൂചിക

[കൃഷിഭൂമിയുടെസ്വഭാവം,കൃഷിരീത,വേലകടം,വിത,പഴനില
കൃഷി,കായല്‍കൊള്ളക്കാര്‍,കായല്‍കുത്തല്‍,കായല്‍ രാജാവായമുരിക്കന്‍]


കൃഷി
നോക്കെത്താദൂരത്തോളം പരന്ന്കിടക്കുന്ന കായലില്‍ അങ്ങിങ്ങായി കാണുന്ന തുരുത്തുകള്‍-അതായിരുന്നു കുട്ടനാട്ടിലേ ആദ്യത്തെ കൃഷി ഭൂമി. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ചിറകെട്ടി ചിറയ്ക്കകത്തുനിന്നും വെളളം വറ്റിച്ച് കര്‍ഷകര്‍ നെല്‍കൃഷിക്ക് ഭൂമി കണ്ടെത്തി. ഇത്തരത്തില്‍ കായല്‍ചെളികൊണ്ട് മണ്‍ചിറകെട്ടി കൃഷിഭൂമിയെ വെളളം കേറാതെ സംരക്ഷിക്കുന്ന ഏര്‍പ്പാടിനു കായല്‍ കുത്തല്‍ എന്നു പറയുന്നു. വെളളം വറ്റിക്കേണ്ട ഭാഗത്തിന്റെ അതിരുകളില്‍ മൂന്ന് അടി അകലത്തില്‍ തെങ്ങിന്‍കുറ്റികള്‍ അടിച്ചുതാഴ്ത്തും, എന്നിട്ട് അവയെ മുളക്കീറുകള്‍ കൊണ്ട് ബന്ധിച്ച ശേഷം തെങ്ങിന്‍ കുറ്റികളുടെ ഇടയില്‍ കായല്‍ചെളി നിറക്കും. ചിറക്ക് വേണ്ടത്ര പിടുത്തം കിട്ടാന്‍ മരക്കമ്പുകളും ചവറും ധാരാളമായി ഇട്ട്കൊടുക്കും. അങ്ങനെ പുറവേലി ഉറപ്പിച്ച ശേഷം അകത്തെ വെളളം വറ്റിക്കും. ഹോളണ്ടില്‍ വെളളം വറ്റിക്കാന്‍ കാറ്റാടിയന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ കുട്ടനാട്ടുകാര്‍ കായികാധ്വാനം കൊണ്ട് അത് സാധിച്ചിരുന്നു. കുട്ടനാട്ടിലെ കൃഷിയുടെ വിജയം ചിറയുടെ ബലത്തെ ആശ്രയിച്ചായിരുന്നു.
വര്‍ഷക്കാലത്ത് മുങ്ങിപ്പോകുന്ന പാടശേഖരങ്ങളില്‍ നിന്നും ഇലച്ചക്രങ്ങളുപയോഗിച്ച് കര്‍ഷകര്‍ വെളളം വറ്റിച്ചു. 6 ഇലച്ചക്രങ്ങള്‍ മുതല്‍ 32 ഇലച്ചക്രം വരെ പ്രചാരത്തിലുണ്ടായിരുന്നു. പാടശേഖരത്തിന്റെ ചിറയില്‍ ഏലികള്‍ ഉറപ്പിച്ച് അവയിലിരുന്നാണ് പണിയാളര്‍ ചക്രം ചവിട്ടിയിരുന്നത്. ഏലികളില്‍ പടങ്ങുകളിട്ട് ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഒരേചക്രം തന്നെ ചവിട്ടിയിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ താളം പിഴയ്ക്കാതിരിക്കാന്‍ അവര്‍ ചക്രം ചവിട്ടുപാട്ടുകള്‍ പാടിയിരുന്നു. ചിറയ്ക്കകത്തുളള വെളളം പുറംതോട്ടിലേക്കോ പുഴയിലേയ്ക്കോ കായലിലേയ്ക്കോ തളളിക്കളയുന്നു. ഇലച്ചക്രങ്ങള്‍ ഒറ്റയായും രണ്ടോ മൂന്നോ ചേര്‍ത്തും വെളളം വറ്റിച്ചിരുന്നു. വിതയ്ക്ക് മുമ്പ് ആഴ്ചകള്‍ നീളുന്ന കഠിനാധ്വാനം കൊണ്ടേ ഇതു സാധ്യമായിരുന്നുളളു. ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കിയത് ബ്രണ്ടന്‍ സായ് വാണ്. കുമരകത്ത് ബംഗ്ളാവ് പണിത് താമസിച്ച ഇദ്ദേഹം മണ്ണെണ്ണ കൊണ്ട് പ്രവര്‍ത്തിക്കുന്ന വിദേശ എഞ്ചിനില്‍ പമ്പുഘടിപ്പിച്ച് വെളളം വറ്റിക്കാന്‍ ഉപയോഗിച്ചു. ഈ സംവിധാനത്തെ നാട്ടുകാര്‍ പെട്ടിയും പറയും എന്നു വിളിച്ചുപോന്നു.


വേലക്കടം


1854 ല്‍ കേരളത്തില്‍ അടിമവേലക്കെതിരെ നിയമം വന്നുവെങ്കിലും 19- നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തില്‍ അടിമവേലനിലനിന്നിരുന്നു. - വാര്‍ഷിക വ്യവസ്ഥയിലും ആജീവനാന്ത വ്യവസ്ഥയിലും പണിക്കാരെ കൈമാറിയിരുന്നു. കുട്ടനാട്ടില്‍ സ്വയം പണയപ്പെടുത്തുന്ന സമ്പ്രദായവും നിലനിന്നിരുന്നു. ജന്മികളുടെ കൈയില്‍ നിന്നും പണമോ നെല്ലോ മുന്‍കൂറായി വാങ്ങിയ ശേഷം കൃഷിപ്പണിചെയ്ത് കടം വീട്ടുക എന്നതായിരുന്നു അതിന്റെ പ്രത്യേകത. നിലമൊരുക്കുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ അടിയാന്‍ അദ്ധ്വാനിക്കണമെന്നതായിരുന്നു 'വേലക്കടം' വീട്ടുന്നതിലേ വ്യവസ്ഥ. കൃഷിപ്പണിക്ക് കൂലി നെല്ലായിരുന്നു. സാധാരണ പറയില്‍ പത്തിടങ്ങഴി കൊളളുമ്പോള്‍ ഏഴരയിടങ്ങഴികൊളളുന്ന കല്ലൂര്‍ക്കാടന്‍ പറയാണ് ചിലയിടങ്ങളില്‍ കൂലികൊടുക്കാന്‍ ഉപയോഗിച്ചിരുന്നത്.
നിലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരും പാട്ടമളന്നിരുന്നത് നെല്ലായിട്ടായിരുന്നു. ഒരു പറ വിത്ത് വിതയ്ക്കുന്ന നിലത്തിന് രണ്ട് പറയായിരുന്നു പാട്ടം. വിളവാകട്ടെ ഏറ്റവും നന്നായാല്‍ പത്തപറയും.
മണ്ണ് ഫലഭൂയിഷ്ടമായിരുന്നതിനാല്‍ രാസവളങ്ങള്‍ ആദ്യകാലത്ത് ആവശ്യമായിരുന്നില്ല. പ്രക്യതി നിര്‍ദ്ധാരണത്തിലൂടെ വളര്‍ന്ന് വന്ന നെല്ലിനങ്ങള്‍ക്ക് രോഗപ്രതിരോധശക്തി ആവശ്യത്തിനുണ്ടായിരുന്നു. പുഴുശല്യം പ്രതിരോധിക്കാന്‍ പാടത്ത് കൂടുതല്‍ വെളളം കയറ്റുകയും പുഴുക്കള്‍ ഇലത്തുമ്പിലേക്ക് കയറുമ്പോള്‍ പുഴുക്കൊട്ട വീശിപ്പിടിക്കുകയോ ചൂലുകൊണ്ട് അടിച്ചുകൂട്ടി നശിപ്പിക്കുകയോ ചെയ്തിരുന്നു.

വിത
ഉണക്കി സൂക്ഷിച്ച നെല്‍വിത്ത് വെളളത്തില്‍ കുതിര്‍ത്തി മുളപ്പിച്ചശേഷം പാടത്ത് വെളളം കെട്ടിനിര്‍ത്തിയാണ് വിതയ്ക്കുന്നത്. കളകള്‍ വളരാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം വെളളം വറ്റിക്കും. അതിന് ശേഷം നെല്ലിനാവശ്യമായ വെളളമേ പാടത്ത് കാണൂ.
വിളവെടുക്കാറായാല്‍ നെല്ല് വെളളത്തിലടിയാതിരിക്കാനും കൊയ്ത്ത് സുഗമമാകുവാനും വേണ്ടി കൊയ്ത്തിന് പത്ത് ദിവസം മുമ്പ് വെളളം മുഴുവനും വറ്റിച്ച്കളയും. കൊയ്ത്ത് കഴിഞ്ഞാല്‍ കായല്‍ നിലത്തില്‍ വെളളം കയറ്റി എക്കലടിയാന്‍ അനുവദിക്കും. അടുത്ത വര്‍ഷം കൃഷി തുടങ്ങുന്നതുവരെ ഈ നില തുടരും.

പഴനിലകൃഷി

ഒന്നിടവിട്ട വര്‍ഷങ്ങളിലായിരുന്നു ആദ്യകാലത്ത് നെല്‍കൃഷി നടത്തിയിരുന്നത്. ഒരു വര്‍ഷം തരിശിട്ടിരിക്കുന്ന നിലത്തില്‍ പിറ്റേവര്‍ഷം കൃഷിയിറക്കും. ഇതിന് പഴനിലകൃഷി എന്ന് പറയുന്നു. ഒരു വര്‍ഷം കൊണ്ട് അടിഞ്ഞ്കൂടുന്ന എക്കലും ചീയുന്ന ജൈവാംശങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ടി ഗണ്യമായി വര്‍ദ്ധിപ്പിക്കും.

കായല്‍കൊളളക്കാര്‍

വിസ്തൃതമായ കായല്‍പരപ്പും ഇടയ്ക്കിടെയുളള തുരുത്തുകളും പകല്‍കൊളളക്കാര്‍ക്ക് പറ്റിയ വിഹാരരംഗമായിരുന്നു. ആള്‍പാര്‍പ്പില്ലാത്ത തുരുത്തുകളില്‍ വളളം കെട്ടിയിട്ട് കായല്‍ പരപ്പില്‍ കണ്ണുംനട്ട് അവര്‍ കാത്തിരുന്നു. വിജനപ്രദേശത്ത് വെച്ച് യാത്രാവളളങ്ങളെയും ചരക്കുവളളങ്ങളെയും തോണിയില്‍ ചെന്ന് വളഞ്ഞുകിഴ്പ്പെടുത്തി കവര്‍ച്ച ചെയ്യുകയും ചിലപ്പോള്‍ യാത്രക്കാരെ കൊന്ന് കായലില്‍ താഴ്ത്തുകയും ചെയ്തിരുന്നു. കിടങ്ങറയ്ക്കടുത്ത് കവര്‍ച്ചപ്പാടം എന്ന പേരില്‍ ഒരു സ്ഥലം തന്നെയുണ്ട്. ശ്രീമൂലം തിരുനാളിന്റെ കാലം വരെ കായല്‍ക്കൊളള തുടര്‍ന്നു.




No comments:

Post a Comment